തൊടുപുഴ: കാലവര്‍ഷത്തിനു പുറമേ തുലാവര്‍ഷവും കനിഞ്ഞില്ലെങ്കില്‍ കാര്‍ഷിക മേഖലയുടെ നടുവൊടിയും. കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാല്‍ ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം കൃഷിയുടെ താളം തെറ്റിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇത്തവണ കാലവര്‍ഷം കാര്യമായി ലഭിക്കാത്തതും തുലാമഴ കുറയുമെന്നുമുള്ള മുന്നറിയിപ്പ് കാലാവസ്ഥ ാനിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതു ജില്ലയിലെ കര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്.
സാധാരണ ജൂണ്‍മുതല്‍ സെപ്റ്റംബര്‍ വരെ കാലവര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവുമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ പതിവിന് വിരുദ്ധമായി ഓഗസ്റ്റ് അവസാനം മുതല്‍ മഴ മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയില്‍ പെയ്ത കാലവര്‍ഷത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുലാവര്‍ഷവും കാര്യമായി ലഭിക്കാതെ വന്നാല്‍ ജില്ലയിലെ കാര്‍ഷികമേഖലയെ ഇതുസാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏലം
മഴക്കുറവുമൂലം ഏലംകൃഷി വലിയ ഭീഷണിയാണ് നേരിടുന്നത്.സാധാരണ വേനല്‍ക്കാലയളവില്‍ ഷെയ്ഡ് നല്‍കിയാണ് കൃഷി സംരക്ഷിക്കുന്നത്. കടുത്തചൂട് ഏലത്തട്ടകള്‍ക്ക് താങ്ങാനാകില്ല. ചൂട് കൂടിയാല്‍ ചെടി കരിഞ്ഞുണങ്ങും. രണ്ടുവര്‍ഷം മുമ്പ് കൊടുംവേനലില്‍ ജില്ലയിലെ 60 ശതമാനത്തോളം ഏലം കൃഷി ഉണങ്ങി നശിച്ചിരുന്നു. വീണ്ടും കൃഷിയിറക്കി വിളവെടുത്ത് വരുമ്പോഴാണ് പതിവില്‍നിന്നു വ്യത്യസ്തമായി സെപ്റ്റംബറില്‍ത്തന്നെ കടുത്തചൂട് അനുഭവപ്പെട്ടുതുടങ്ങിയത്.
വരുംദിവസങ്ങളില്‍ മഴലഭിച്ചില്ലെങ്കില്‍ ഏലംകര്‍ഷകര്‍ കടുത്ത ദുരിതത്തിലാകും. സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ ഹൈറേഞ്ച് മേഖലയില്‍ കൊക്കോ, ജാതി, റബര്‍ ഉള്‍പ്പെടെ വെട്ടിനീക്കി വ്യാപകമായി ഏലം കൃഷി ആരംഭിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകരും ഇവിടെ ഏക്കര്‍കണക്കിനു സ്ഥലം വാങ്ങി കൃഷി നടത്തിവരുന്നുണ്ട്.
കുരുമുളക്
കടുത്തചൂട് കുരുമുളക് കൃഷിക്കും തിരിച്ചടിയാണ്. നേരത്തേ കുമിള്‍ രോഗത്തെത്തുടര്‍ന്നു ജില്ലയില്‍ കുരുമുളകു കൃഷിക്ക് സാരമായ നാശം സംഭവിച്ചിരുന്നു. പിന്നീട് വിലവര്‍ധിച്ചതോടെ കൃഷി വീണ്ടും സജീവമായി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ മനം മടുപ്പിക്കുകയാണ്. വിളവ് കുറയുകയും രോഗബാധ കൂടുതലാകുകയും ചെയ്തതോടെ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ചൂട് നേരത്തേതന്നെ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതു കുരുമുളക് ചെടികള്‍ ഉണങ്ങി കരിയുന്നതിനു കാരണമാകും. ബാങ്ക് വായ്പയെടുത്തും മറ്റും ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സീസണ് ആരംഭിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ വിളവ് ഗണ്യമായി കുറയാനുള്ള സാധ്യതയാണുള്ളതെന്നു കര്‍ഷകര്‍ പറഞ്ഞു.
റബര്‍
ചൂട് കൂടിയതോടെ റബര്‍പാല്‍ ഉത്പാദനത്തിലും ഇടിവ്. മഴക്കാലത്ത് ഉത്പാദനം കൂടുതല്‍ ലഭിക്കുമെങ്കിലും പലദിവസങ്ങളിലും ടാപ്പിംഗ് മുടങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ രാത്രി അനുഭവപ്പെടുന്ന തണുപ്പ് പാല് ഉത്പാദനം കൂടാന്‍ കാരണമായിരുന്നു. എന്നാല്‍ ഇത്തവണ സെപ്റ്റംബറില്‍ത്തന്നെ ചൂട് കൂടുന്ന സാഹചര്യമാണ്. ഇത് പാല് ഉത്പാദനത്തെ പിന്നോട്ടടിച്ചു.
മഴക്കാലത്ത് റെയിന്‍ ഗാര്‍ഡനിംഗ് നടത്താത്ത കര്‍ഷകര്‍ മഴ മാറുന്ന കാലയളവിലാണ് ടാപ്പിംഗ് നടത്തുന്നത്. ഇത്തവണ നേരത്തേതന്നെ ടാപ്പിംഗ് ആരംഭിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രതിദിനം ലഭിക്കുന്ന റബര്‍പാലിന്റെ അളവ് കുറയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുലാമഴ കനിഞ്ഞില്ലെങ്കില്‍ ഇത്തവണ നേരത്തെതന്നെ ടാപ്പിംഗ് നിര്‍ത്തിവയ്ക്കേണ്ടി വരും.
റംബുട്ടാന്
വിളവെടുപ്പിനുശേഷം പ്രൂണിംഗ് നടത്തി വളപ്രയോഗം നടത്തേണ്ട സമയമാണിത്. എന്നാല്‍ മഴക്കുറവ് യഥാസമയം
വളം നല്കുന്നതിനുള്പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജലസേചന സൗകര്യം കുറവുള്ള പ്രദേശങ്ങളില്‍ തൈകള്‍ ഉണങ്ങിക്കരിയാനും സാധ്യതയേറെയാണ്. ഇപ്പോള്‍ത്തന്നെ ചെടികള്‍ നനയ്ക്കേണ്ടിവന്നാല് വേനല്‍കടുക്കുന്നതോടെ ജലത്തിന്റെ ലഭ്യതക്കുറവും കൃഷിയുടെ പരിപാലനം ദുഷ്കരമാക്കും. ചൂട് കൂടുന്ന സാഹചര്യം ഉത്പാദനം ഗണ്യമായി കുറയാനും ചെടികള്‍ ഉണങ്ങിക്കരിയാനും സാധ്യതകൂടുതലാണ്.
കൊക്കോ
ഇടവിള കൃഷിയാണെങ്കിലും കടുത്തചൂട് കൊക്കോ കൃഷിയേയും സാരമായി ബാധിക്കും. കൊക്കോയ്ക്കും നന ആവശ്യമാണ്. ചൂട് കൂടുന്ന സാഹചര്യം കൃഷിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്.
കൊക്കോ തൈകള്‍ ഉണങ്ങിക്കരിയുന്നതിനും വിളവ് കുറയുന്നതിനും കാരണമാകും. നിരവധി കര്‍ഷകകുടുംബങ്ങളിലെ പ്രധാനവരുമാനമാര്‍ഗമാണ് കൊക്കോകൃഷി. അണ്ണാന്, എലി, മലയണ്ണാന്, കുരങ്ങ് എന്നിവയുടെ ഭീഷിക്കുപുറമേ കാലാവസ്ഥയും ചതിച്ചാല്‍ കൊക്കോകര്‍ഷകരുടെ നില പരിതാപകരമാകും.
പച്ചക്കറികള്‍
സംസ്ഥാനത്തു കാലവര്‍ഷം തിമിര്‍ത്തുപെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങള്‍ക്കുശേഷമാണു പച്ചക്കറികൃഷി കൂടുതലായും കര്‍ഷകര്‍ ചെയ്തുവരുന്നത്. പയര്‍, പടവലം, വെണ്ട, വഴുതന, വെള്ളരി, ചീര, കോവല്‍, പാവല്‍ തുടങ്ങിയവയാണ് സീസണില്‍ കൂടുതലായും കൃഷിചെയ്തുവരുന്നത്.
പച്ചക്കറികൃഷിയെ മഴക്കുറവും മഴക്കൂടുതലും ഒരുപോലെ ബാധിക്കുന്നതിനാല്‍ ഇത്തവണത്തെ കാലാവസ്ഥ കൃഷിക്ക് കനത്തതിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ കൃഷിയിറക്കാന്തന്നെ കര്‍ഷകര്‍ മടിച്ചുനില്‍ക്കുകയാണ്. സ്ഥലംപാട്ടത്തിനെടുത്താണ് പലരും പച്ചക്കറി കൃഷി ചെയ്തുവരുന്നത്. പാട്ടത്തുകയും കൂലിച്ചെലവും സ്വന്തം അധ്വാനവും പാഴാകുന്ന സാഹചര്യം കര്‍ഷകര്‍ക്ക് കടുത്ത നഷ്ടത്തിന് കാരണമാകും ഇതാണ് കൃഷിയിറക്കുന്നതില്നിന്നു കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.
വാഴ
കാലാവസ്ഥാ വ്യതിയാനം വാഴകൃഷിയുടേയും താളം തെറ്റിച്ചു. മഴയുടെ ലഭ്യതക്കുറവുമൂലം യഥാസമയം വളപ്രയോഗം നടത്താനാകാത്ത സാഹചര്യമാണുള്ളത്. ജലസേചന സൗകര്യമില്ലാതെ വന്നാല്‍ വേനലിലെ കടുത്ത ചൂടില്‍ വാഴ ഉണങ്ങി കരിയാനും ഒടിഞ്ഞുവീഴാനുമുള്ള സാധ്യതയേറെയാണ്.
കാലാവസ്ഥ പ്രതികൂലമാകാനുള്ള സാധ്യത കണക്കുകൂട്ടി നേന്ത്രവാഴ കൃഷിചെയ്യുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞിട്ടുണ്ട്.
അതിനാല്‍ വാഴവിത്ത് വില്പന കേന്ദ്രങ്ങളില്‍ വില്പനയും കുറഞ്ഞിട്ടുണ്ട്. ഓണത്തിന് വാഴപ്പഴങ്ങള്‍ക്ക് ഇത്തവണ റിക്കാര്‍ഡ് വിലയാണ് ലഭിച്ചത്.
പാളയംകോടന്, ഞാലിപ്പൂവന്, പൂവന്, റോബസ്റ്റ, നേന്ത്രന് തുടങ്ങിയവയ്ക്കെല്ലാം ഭേദപ്പെട്ടവില ലഭിച്ചതിനാല്‍ വാഴകര്‍ഷകര്‍ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മഴയുടെ കുറവ് അടുത്തകൃഷിക്ക് കനത്ത തിരിച്ചടിയായത് കര്‍ഷകരുടെ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുന്നതിനും കാരണമായിട്ടുണ്ട്.